തൃശൂർ: രാജ്യത്തെ സർക്കസ് കമ്പനികൾക്ക് തിരശ്ശീല വീഴുന്നു. നൂറിന് മുകളിൽ സർക്കസ് കമ്പനികൾ ഉണ്ടായിരുന്ന രാജ്യത്തിപ്പോൾ അവശേഷിക്കുന്നത് അഞ്ചുകമ്പനികൾ മാത്രം. സർക്കസിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കേരളത്തിൽ വെറും രണ്ടെണ്ണം. 102 വർഷം പിന്നിടുന്ന ഗ്രേറ്റ് ബോംബെ സർക്കസും ജംബോ സർക്കസുമാണ് ഇനി കേരളത്തിൽ അവശേഷിക്കുന്നത്.
20 വർഷത്തിനിടെ രാജ്യത്ത് ചെറുതും വലുതുമായ 90 സർക്കസ് കമ്പനികൾ പൂട്ടി. ആറുപതിറ്റാണ്ടിലേറെ പാരമ്പര്യമുണ്ടായിരുന്ന എട്ടുകമ്പനികളും ഇതിൽപ്പെടും. കനികൾ ഇല്ലാതായതോടെ ജോലി നഷ്ടപ്പെട്ടത് രണ്ടുലക്ഷത്തിലധികം പേർക്കാണ്. കോവിഡ് കാലത്ത് പതിനഞ്ചോളം ചെറിയ സർക്കസ് സംഘങ്ങൾക്കും അവസാനമായി. റയ്മണ്ട്, അപ്പോളോ, ജെമിനി, ഗ്രേറ്റ് റോയൽ, എംപയർ, ഗ്ലോബൽ, രാജ്കമൽ, നാഷണൽ, കമല തുടങ്ങിയ കമ്പനികൾ ഓർമയായി. പ്രതാപകാലത്ത് ഓരോ സർക്കസ് കമ്പനികളിലും മൂവായിരത്തിൽപ്പരം ജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ 40 കലാകാരന്മാർ ഉൾപ്പെടെ പരമാവധി 120 േപർ.
ചൈന, നേപ്പാൾ എന്നിവിടങ്ങളിലെ കലാകാരന്മാരാണ് ഇപ്പോൾ അവശേഷിക്കുന്നത്. ടാൻസാനിയ, എതോപ്യ, റഷ്യ എന്നിവിടങ്ങളിലെ കലാകാരന്മാർ ഉണ്ടായിരുന്നെങ്കിലും കോവിഡ് കാലം നീണ്ടതോടെ നാട്ടിലേക്കു മടങ്ങി. ഇന്ത്യയിലെവിടെയും സർക്കസ് പരിശീലനമില്ലാത്തതാണ് ഇന്ത്യക്കാർ സർക്കസിൽ ഇല്ലാത്തതിനുകാരണം. മൃഗങ്ങളെയും പക്ഷികളെയും ഉപയോഗിക്കാനുള്ള നിബന്ധനകൾ കർശനമാക്കിയതോടെ സർക്കസിന് തിരിച്ചടി തുടങ്ങി. ഇപ്പോൾ കുതിര, നായ, ഒട്ടകം, തത്ത എന്നിവയെ മാത്രമാണ് ഉപയോഗിക്കാൻ അനുമതി.