മസ്കത്ത്: ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ഒമാനിലും കേന്ദ്രം അനുവദിച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമാകും. 21 ഇന്ത്യൻ സ്കൂളുകളുള്ളതിനാൽ ഒമാനിൽ കേന്ദ്രം അനുവദിക്കണമെന്നത് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പ്രവാസികളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയവർക്ക് നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ സത്വര ഇടപെടൽ ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഇന്ത്യൻ എംബസി അധികൃതരുമായി സാമൂഹികപ്രവർത്തകർ ചർച്ച നടത്തുകയും ചെയ്തു.
ഇന്ത്യൻ സ്കൂൾ മസ്കത്തിനെ പരീക്ഷകേന്ദ്രമായി തിരഞ്ഞെടുത്തേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വരും ദിവസങ്ങളിലേ ലഭ്യമാകൂ. കഴിഞ്ഞ വർഷം 680 വിദ്യാർഥികളായിരുന്നു ഒമാനിൽനിന്ന് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ഈ വർഷം ഇതിൻറെ ഇരിട്ടിയോളം വിദ്യാർഥികൾ പരീക്ഷ എഴുതാനാണ് സാധ്യത.
‘നീറ്റി’ൻറെ കേന്ദ്രങ്ങളിലൊന്നായി ഒമാനെ പ്രഖ്യാപിച്ച വാർത്തയെ മസ്കത്തിലെ ഇന്ത്യൻ എംബസി സ്വാഗതം ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയത്തിന് നന്ദി അറിയിച്ചും വിദ്യാർഥികൾക്ക് ആശംസകൾ നേർന്നും ഇന്ത്യൻ എംബസി ട്വീറ്റും ചെയ്തു. മസ്കത്തിൽ കേന്ദ്രം അനുവദിച്ചതിലൂടെ മാതാപിതാക്കൾക്ക് പ്രത്യേകിച്ച് ഈ മഹാമാരിക്കാലത്ത് ധാരാളം സമയവും പണവും ലാഭിക്കാൻ സഹായകമാകുമെന്ന് വിദ്യാഭ്യാസ വിദഗ്ധനായ ഡോ. ബേബി സാം സാമുവൽ പറഞ്ഞു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൻറെ തുടർച്ചയായ ശ്രമത്തിന് ഫലം കണ്ടതിൽ അതിയായ സന്തോഷമുണ്ട്. വിഷയത്തിൽ ഒമാനിലെ ഇന്ത്യൻ എംബസി നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.