ബെംഗളൂരു : കെ.എസ് ലേഔട്ടിലെ വീട്ടിൽ നിന്ന് 1.76 കോടി രൂപയും 12 ലക്ഷം രൂപയുടെ സ്വർണവും കവർന്ന കേസിൽ രണ്ട് പ്രതികൾ പിടിയിൽ. സുബ്രഹ്മണ്യപുര സ്വദേശിയായ സുനിൽകുമാർ, മാണ്ഡ്യ സ്വദേശിയായ ദിലീപ് എന്നിവരാണ് അറസ്റ്റിലായത്.സന്ദീപ് ലാൽ എന്നയാളുടെ കെ.എസ് ലേഔട്ടിലെ വീട്ടിലാണ് മോഷണം നടന്നത്. നേരത്തെ മയക്കുമരുന്ന് കേസിലും മോഷണക്കേസിലും പ്രതികളായിരുന്ന സുനിൽ കുമാറും, ദിലീപും ഒന്നിച്ച് ജയിലിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ജയിലിൽ നിന്നിറങ്ങിയ ശേഷം ഓട്ടോ ഓടിച്ചിരുന്ന സുനിൽ മോഷണം നടന്ന വീട്ടിന്റെ ഉടമസ്ഥനായ സന്ദീപ് ലാലിനെ ഒരിക്കൽ കെഎസ് ലേഔട്ടിലേക്ക് കൊണ്ടുപോയി.
ഇതിനിടെ സന്ദീപ് ലാൽ പിതാവ് മൻമോഹൻ ലാലിന് ഒരു കെട്ട് പണം നൽകുന്നത് സുനിൽ കണ്ടിരുന്നു. സന്ദീപിന്റെ വീടിന് മുന്നിൽ നിരവധി ആഡംബര ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതും ഇയാളുടെ ശ്രദ്ധയിൽപ്പെട്ടു.സന്ദീപ് ലാൽ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നതെന്ന് പ്രതി മനസിലാക്കി. ഇയാളുടെ അച്ഛനും അമ്മയും തൊട്ടടുത്ത വീട്ടിലായിരുന്നു താമസം.