ബംഗളുരു: ബോംബ് ഭീഷണിയെ തുടർന്ന് ബംഗളുരു നഗരത്തിലെ ആറ് സ്കൂളുകൾ ബോംബ് സ്ക്വാഡ് ഒഴിപ്പിച്ചു. ശക്തിയേറിയ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിൽ വഴി ലഭിച്ച ഭീഷണി. സന്ദേശം വ്യാജമാണോ എന്ന് തിരിച്ചറിയാനായി വിശദമായ അന്വേഷണം നടത്തുമെന്ന് ബംഗളുരു പൊലീസ് കമീഷണർ കമൽ പന്ത് അറിയിച്ചു.
ഡൽഹി പബ്ലിക് സ്കൂൾ ബംഗളുരു ഈസ്റ്റ്, ഗോപാലൻ ഇൻറർനാഷണൽ സ്കൂൾ, അക്കാദമി സ്കൂൾ, സെൻറ് വിൻസൻറ് പോൾ സ്കൂൾ, ഇന്ത്യൻ പബ്ലിക് സ്കൂൾ, എബനേസർ ഇൻറർനാഷണൽ സ്കൂൾ എന്നീ സ്കൂളുകളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.10.15നും 11 മണിക്കും ഇടയിലാണ് എല്ലാ സ്കൂളുകളിലും സന്ദേശം ലഭിച്ചത്.
‘ശക്തിയേറിയ ബോംബ് വെച്ചിട്ടുണ്ട്. ഗൗരവമേറിയ കാര്യമാണ്. ഇതൊരു തമാശയായി എടുക്കരുത്. പൊലീസിനേയും ബന്ധപ്പെട്ടവരേയും വിവരം അറിയിക്കൂ. താങ്കളടക്കം നൂറുകണക്കിന് പേരാണ് കൊല്ലപ്പെടുക. അതിനാൽ വൈകരുത്. ഇനി എല്ലാം നിങ്ങളുടെ കൈയിലാണ്.’ ഇതായിരുന്നു കത്തിലെ ഉള്ളടക്കം.
വിവിധ സ്കൂളുകളിലേക്ക് വിവിധ ഐ.ഡികളിൽ നിന്നാണ് സന്ദേശം വന്നിട്ടുള്ളത്. ബോംബ് സ്ക്വാഡ് പരിശോധന നടത്തിവരികയാണെന്നും വിശദമായി പരിശേോധിക്കുമെന്നും പൊലീസ് അറിയിച്ചു.
വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനിടെയാണ് സന്ദേശം ലഭിച്ചത്. എന്തുതന്നെയായാലും കുട്ടികളുടേയും അധ്യാപകരുടേയും സുരക്ഷക്കാണ് പ്രാധാന്യം നൽകുകയെന്ന് അധികൃതർ അറിയിച്ചു.