ഭോപ്പാല്‍: നിര്‍ത്തിയിട്ടിരുന്ന ട്രെയിൻ എഞ്ചിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 16 വയസുകാരൻ മരിച്ചു. ഇലക്ട്രിക് കേബിളില്‍ നിന്നാണ് ഷോക്കേറ്റത്. മധ്യപ്രദേശിലെ ഛത്തർപൂർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം നടന്നത്.
ഇന്നലെയാണ് സംഭവം നടന്നത്. സുഹൈൽ മൻസൂരി എന്ന വിദ്യാര്‍ഥിയാണ് ഷോക്കേറ്റ് മരിച്ചതെന്ന് ഛത്തർപൂർ റെയിൽവെ സ്റ്റേഷൻ മാസ്റ്റർ ശുഭങ്ക് പട്ടേൽ പറഞ്ഞു. ഇന്നലെ രാവിലെ റെയിൽവെ സ്‌റ്റേഷനിലെത്തിയ സുഹൈല്‍ മൊബൈല്‍ ഫോണുമായി ട്രെയിന്‍ എഞ്ചിന് മുകളില്‍ കയറി സെൽഫിയെടുക്കുകയായിരുന്നുവെന്ന് സുഹൃത്ത് അഷ്‌റഫ് പറഞ്ഞു. ട്രെയിനിന് മുകളില്‍ കയറുന്നതിനിടെ സുഹൈല്‍ അറിയാതെ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു. അങ്ങനെയാണ് ഷോക്കേറ്റതെന്ന് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഇൻസ്പെക്ടർ ജിതേന്ദ്ര കുമാർ പറയുന്നു.