ജയ്പൂർ: ജീവിതകാലം മുഴുവനും തടവുശിക്ഷ അനുഭവിക്കുന്ന ഭർത്താവിൽ നിന്ന് തനിക്ക് കുഞ്ഞുവേണമെന്ന യുവതിയുടെ വിചിത്ര ആവശ്യത്തിന് അനുകൂല വിധി പ്രഖ്യാപിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഇതിനായി ഭർത്താവിന് കോടതി 15 ദിവസത്തെ പരോൾ അനുവദിക്കുകയും ചെയ്തു. ജഡ്ജിമാരായ സന്ദീപ് മേത്ത, ഫർജന്ദ് അലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭിൽവാര ജില്ലക്കാരനായ നന്ദലാലിന് 15 ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്.
തടവ് ശിക്ഷ അനുഭവിക്കുന്ന ഭർത്താവിൽ നിന്ന് ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കളക്ടറെ സമീപിക്കുകയും പരോൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ കളക്ടർ തന്റെ ഹർജിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് സ്ത്രീ ഹൈക്കോടതിയെ ഒടുവിൽ സമീപിക്കുകയായിരുന്നു.
സ്ത്രീയുടെ വാദം കേട്ട കോടതി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ നന്ദലാലിന് 15 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവിട്ടു. 11 മാസം മുമ്പ് മെയ്യിലാണ് നന്ദലാലിന് 20 ദിവസം പരോൾ ലഭിച്ചത്. 2019 ഫെബ്രുവരി 6 മുതൽ അജ്മീർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് നന്ദലാൽ.