മസ്കത്ത്: രാജ്യത്ത് ഡെങ്കിപ്പനിക്കെതിരെയുള്ള കാമ്പയിനിൻറെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിൽ 3500 ലധികം വീടുകളിൽ കൊതുക് നശീകരണി തളിച്ചു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താൻ മാർച്ച് 27 മുതൽ ഏപ്രിൽ ആറുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നശീകരണി തളിച്ചത്. 900 ലിറ്ററിലധികം കീടനാശിനിയാണ് ഉപയോഗിച്ചത്. കൂടുതൽ മരുന്ന് തളിച്ചത് ബൗഷർ വിലായത്തിലെ ഗ്രൂബ്ര ഏരിയയിലാണ്. 2,857 വീടുകളിലാണ് കൊതുക് നശീകരണി തളിച്ചത്. അൽ അൻസബ് 254, സീബ് വിലായത്തിലെ അൽ ഹെയിൽ സൗത്ത് 235, അൽ ബഹൈസ് വാലി ഏരിയയിൽ 30, അൽ അമിറാത് വിലായത്ത് 290 എന്നിങ്ങനെ 3,666 വീടുകളിലാണ് മരുന്ന് തളിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യമന്ത്രാലയത്തിൻറെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. പനിയുടെ വ്യാപനത്തിന് കാരണമാകുന്ന കൊതുകിനെ തുരത്താനുള്ള കാമ്പയിന് കഴിഞ്ഞ ദിവസം മസ്കത്ത് മാളിലും തുടക്കമായി. മസ്കത്ത് ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.എച്ച്.എസ്-മസ്‌കത്ത്) മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെയും മറ്റ് അനുബന്ധ അധികാരികളുടെയും സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ മാസം 30വരെ കാമ്പയിൻ തുടരും. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ്, മസ്കത്ത് ഡയറക്ടർ ജനറൽ ഡോ. തമ്ര സഈദ് അൽ-ഗഫ്രി, മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.