കണ്ണൂർ: സില്‍വര്‍ ലൈന്‍ വിഷയത്തിൽ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഒരേ അഭിപ്രായമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകുമെന്നും വികസന വിരോധികളായ ചിലരാണ് പദ്ധതിക്കെതിരായി നില്‍ക്കുന്നതെന്നും എസ്ആര്‍പി കണ്ണൂരില്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കണമെന്നാണ് സിപിഐഎമ്മിന്റെ ആഗ്രഹമെന്നം അദ്ദേഹം പറഞ്ഞു. പിണറായി വിജയനും യെച്ചൂരിയും ഒരു കാര്യം തന്നെയാണ് പറയുന്നത്. പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി ശ്രദ്ധയോടെ പരിഗണിക്കുന്നുണ്ട്. പരിസ്ഥിതി ആഘാത പഠനത്തില്‍ പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ നയങ്ങളും തീരുമാനിച്ചുകഴിഞ്ഞതാണ്. എല്ലാ വിഷയങ്ങളും സംബന്ധിച്ചും തുറന്ന് ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കുന്ന സമ്പ്രദായമാണ് പാര്‍ട്ടിക്കുള്ളത്. എസ്ആര്‍പി വ്യക്തമാക്കി. കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് പാര്‍ട്ടിയിലെ കേരള-ബംഗാള്‍ ഘടകങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് അത്തരം ഒരു തര്‍ക്കവും പാര്‍ട്ടിക്കകത്ത് ഇല്ലെന്ന് എസ്ആര്‍പി പ്രതികരിച്ചു.
‘ബിജെപി ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ജനാധിപത്യ സംവിധാനമടക്കം അട്ടിമറിക്കപ്പെടുന്നു. സ്വതന്ത്രമായ വിദേശനയവും ഇല്ലാതായിരിക്കുന്നു. ഇക്കാര്യങ്ങളില്‍ ആരൊക്കെ ബിജെപിയെ എതിര്‍ക്കാന്‍ തയ്യാറുള്ളത് അവര്‍ക്കെല്ലാം ഒപ്പമായിരിക്കും സിപിഐഎം. എ യോ ബിയോ അല്ല, നയമാണ് പ്രശ്‌നം. അവരെടുക്കുന്ന നിലപാടുകളാണ് കോണ്‍ഗ്രസിനെ കൂടെ കൂട്ടുമോ എന്ന് തീരുമാനിക്കുന്നത്. ഇന്ന് ചില മാധ്യമങ്ങള്‍ പറഞ്ഞത് കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് ഞങ്ങള്‍ രണ്ട് തട്ടിലാണെന്നാണ്. ആ വ്യാഖാനത്തെ സ്വാഗതം, ചെയ്യുകയാണ്’. എസ് രാമചന്ദ്രന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് കേരളാ ഘടകം വ്യക്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യം സാധ്യമല്ലെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.