ഡൽഹി: വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ളവർ പരസ്പരം സംസാരിക്കുമ്പോള്‍ ആശയ വിനിമയത്തിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. പാര്‍ലമെന്‍ററി ഒഫീഷ്യല്‍ ലാങ്വേജ് കമ്മിറ്റിയുടെ 37ആം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം-
” ഭരണ ഭാഷയായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഈ നീക്കം ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് ഇത് വളരെ പ്രധാനമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം”- അമിത് ഷാ വ്യക്തമാക്കി.
പക്ഷെ പ്രാദേശിക ഭാഷകളെക്കുറിച്ചല്ലെന്നും ഇംഗ്ലീഷിന് പകരമായാണ് ഹിന്ദിയെ സ്വീകരിക്കേണ്ടതെന്നും അമിത് ഷാ വ്യക്തമാക്കി. പ്രാദേശിക ഭാഷകളിലെ വാക്കുകള്‍ സ്വീകരിച്ച് ഹിന്ദി ഭാഷ കൂടുതല്‍ ലളിതമാക്കണമെന്നും അമിത് ഷാ നിര്‍ദേശിക്കുകയും ചെയ്തു.