തിരുവനന്തപുരം കഴക്കൂട്ടത്ത് ഇന്നലെ യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനും സംഘവുമാണ് പിടിയിലായത്.
ആക്രമണത്തില്‍ തുമ്പ സ്വദേശി പുതുരാജന്‍ ക്ലീറ്റസിന്റെ വലതു കാല്‍ തകര്‍ന്നിരുന്നു. ഇയാൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലാണ്.
ലഹരി കച്ചവടത്തെ എതിര്‍ത്തതടക്കം ആക്രമണത്തിന് കാരണമായെന്നാണ് വിവരം. പ്രതികള്‍ ആക്രമണത്തിന് മുന്‍പും ശേഷവും ചില പ്രകോപന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്.
അക്രമം നടക്കുമ്പോൾ കൂടെയുണ്ടായിരുന്നവർക്കും സാരമായ പരിക്കുകളുണ്ട്. കഴക്കൂട്ടം മേനംകുളത്ത്, പുതുരാജന്‍ ക്ലീറ്റസ്, സിജു, സുനില്‍ എന്നിവര്‍ സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. പ്രതികളെ കുറിച്ച് രാത്രി തന്നെ പൊലീസിന് സൂചനകള്‍ ലഭിച്ചിരുന്നു.
















