കണ്ണൂര്‍: താന്‍ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാള്‍ പിണറായി വിജയനാണെന്ന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. പിണറായി വിജയന്‍ നല്ലത് ചെയ്താല്‍ നല്ലത് ചെയ്‌തെന്ന് പറയുന്ന ആളാണ് താന്‍. വെല്ലുവിളിയായിരുന്ന ഗെയില്‍ പദ്ധതി ധീരമായി പൂര്‍ത്തീകരിച്ചത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമാണെന്നും കെവി തോമസ് പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി. വികസനകാര്യത്തില്‍ രാഷ്ട്രീയം മാറ്റിവയ്ക്കണമെന്നും പരസ്പരം ഏറ്റുമുട്ടുന്നത് ഭരണപക്ഷവും പ്രതിപക്ഷവും ഒഴിവാക്കണമെന്നും കെവി തോമസ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ഭൂമിയേറ്റെടുക്കലാണ്. ദേശീയപാതകള്‍ ഇന്നും ഇടുങ്ങിയ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം കാര്യങ്ങളില്‍ മാറ്റം വരണം. പരസ്പരം ഏറ്റുമുട്ടിയാല്‍ ശരിയാകുമോ. വികസനകാര്യത്തില്‍ രാഷ്ട്രീയം മാറ്റിവയ്ക്കണം.
തന്‍ കണ്ട ശക്തരായ രണ്ട് നേതാക്കളാണ് കെ കരുണാകരനും പിണറായി വിജയനും. തീരുമാനമെടുത്താല്‍ നടപ്പിലാക്കുന്ന വ്യക്തിയാണ് കരുണാകരന്‍. അതുപോലൊരു നേതാവായി പിണറായി വിജയനെ കാണുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തണം. നല്ല മുഖ്യമന്ത്രിയാണ് പിണറായിയെന്നും കെവി തോമസ് പറഞ്ഞു.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കരുതെന്ന വിലക്ക് കേരളത്തിലെ എംപിമാരുണ്ടാക്കിയ സമ്മര്‍ദ്ദത്തിന് പിന്നാലെയാണെന്ന് കെവി തോമസ് പറഞ്ഞു. വിലക്ക് അംഗീകരിച്ച് കൊണ്ട് തരൂര്‍ കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുള്ളതെന്ന് കെവി തോമസ് പറഞ്ഞു. ദേശീയതലത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. കേരളത്തില്‍ രണ്ട് തട്ടാണെങ്കിലും ദേശീയ ഐക്യം തകര്‍ക്കരുതെന്നും തരൂര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കെവി തോമസ് പറഞ്ഞു.
താനൊരു കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും കെവി തോമസ് പറഞ്ഞു. ഒരു കോണ്‍ഗ്രസുകാരന്‍ എങ്ങനെയാണോ ജീവിക്കേണ്ടത്, അതുപോലെ തന്നെയായിരിക്കും ഇനിയും മുന്നോട്ട് പോകുക. തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ നേതാക്കളുടെ ശിങ്കടികളാണെന്നും അവരെയൊന്നും നിലയ്ക്ക് നിര്‍ത്താന്‍ നേതാക്കള്‍ സാധിക്കുന്നില്ലെന്നും കെവി തോമസ് ചൂണ്ടിക്കാണിച്ചു.