കൊച്ചി: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാരും ബാധ്യസ്ഥരെന്ന് ഹൈക്കോടതി. സാമൂഹികാഘാത പഠനത്തിന് കേന്ദ്രാനുമതി ഉണ്ടോയെന്ന് മറുപടി അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ വ്യക്തത വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നാല് കാര്യങ്ങളിലാണ് ഹൈക്കോടതി വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. മുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടുന്നത്?, സാമൂഹികാഘാത പഠനം നടത്താൻ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ? പുതുച്ചേരിയിലൂടെ റെയിൽ പോകുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങളിൽ നാളെ മറുപടി നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.
സാമൂഹികാഘാത പഠനം നടത്തുന്നതിൽ തെറ്റില്ല, എന്നാൽ ഇതിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് കോടതി പറഞ്ഞു. കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രധാന പ്രശ്‌നമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വലിയ കല്ലുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ ഭൂവുടമക്ക് ലോണുകൾ ലഭിക്കുമോ എന്നും ലോൺ നൽകാൻ ബാങ്കുകളോട് നിർദേശിക്കാൻ സർക്കാരിന് കഴിയുമോ എന്നും കോടതി വാക്കാൽ ആരാഞ്ഞു.
എന്നാൽ പദ്ധതിയ്ക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ അതിർത്തി നിർണ്ണയിക്കാനും സർവ്വേ നടത്താനും സ്വകാര്യ ഭൂമിയിൽ കയറാൻ അധികാരമുണ്ടെന്ന് കെ റെയിൽ അധികൃതർ വിശദീകരിച്ചു. ആരെയും ഭയപ്പെടുത്തിയല്ല സർവ്വേ നടത്തുന്നത്. പൊലീസ് എത്തിയത് സർവ്വേ നടത്തുന്നവരുടെ സംരക്ഷണത്തിനാണ്. പല സ്ഥലത്തും പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഉപകരണങ്ങൾ കേട് വരുത്തുകയും ചെയ്തെന്ന് കെ റെയിൽ അധികൃതർ വിശദീകരിച്ചു. ഹർജി വേനലവധിയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നേരത്തെയും ഹൈക്കോടതി കേന്ദ്രത്തിന് നേരെ വിമര്‍ശനമുന്നയിച്ചിരുന്നു. സര്‍വേ നടപടികള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പദ്ധതിയില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള കേന്ദ്ര സര്‍ക്കാര്‍ സര്‍വേ സംബന്ധിച്ച് വ്യക്തത വരുത്തണം. കേന്ദ്രത്തിന്റെ മൗനം ആശ്ചര്യപ്പെടുത്തുന്നു എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
സര്‍വേ നടത്താനാവില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നില്ല. സില്‍വര്‍ ലൈനായി ഈ ഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കുമെന്ന ആശങ്ക വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സുപ്രിം കോടതിയും സാമൂഹികാഘാത പഠനത്തിന് അനുമതി നല്‍കിയിട്ടുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.