തിരുവനന്തപുരം: കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ധന വിലവർധനക്കെതിരെ ഇന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധത്തിന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ നേതൃത്വം നൽകും.
കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്കൂട്ടർ ഉരുട്ടിയുമാണ് പ്രതിഷേധം.
കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്ത് പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്നും പദ്മജ കുറ്റപ്പെടുത്തി. ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ മോദി സർക്കാർ മറ്റു നികുതികൾ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും പദ്മജ വിമർശിച്ചു.