പ്രശസ്ത ഹാസ്യതാരം നിർമൽ പാലാഴി തമിഴിലേക്ക്. തമിഴ്നടൻ ഉദയനിധി സ്റ്റാലിന്റെ ഭാര്യയായ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പേപ്പർ റോക്കറ്റ് എന്ന വെബ്സീരീസിലൂടെയാണ് നിർമൽ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. കാളിദാസ് ജയറാമാണ് സീരീസിലെ നായകവേഷത്തിൽ.
നിർമൽ പാലാഴി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. സിനിമാ പ്രമോഷൻ ജോലി ചെയ്യുന്ന സുഹൃത്ത് സംഗീത വഴിയാണ് ലോക്ക്ഡൗൺ സമയത്ത് ഇങ്ങനെയൊരു അവസരം ലഭിച്ചതെന്ന് നിർമൽ പറയുന്നു. എം.കെ സ്റ്റാലിന്റെ മകനായ ഉദയാനിധി സ്റ്റാലിന്റെ ഭാര്യയാണ് സംവിധാനം ചെയ്യുന്നതെന്നറിഞ്ഞപ്പോൾ അമ്പരന്നുവെന്നും നിർമൽ പറഞ്ഞു.
അതുവരെ നേരിട്ടുപോലും കാണാത്ത കാളിദാസ് ജയറാമാണ് തന്നെ ആ വേഷത്തിലേക്ക് നിർദേശിച്ചത്. അതറിഞ്ഞപ്പോൾ അതിശയവും സ്നേഹവും തീർത്താൽ തീരാത്ത നന്ദിയും തോന്നി. കാരണം കാളിദാസിനെ അതുവരെയും നേരിട്ട് കാണുകപോലും ചെയ്തിരുന്നില്ലെന്നും നിർമൽ പറഞ്ഞു.
സിദ് ശ്രീറാം ആലപിച്ച സീരീസിലെ ഗാനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ധരൺ കുമാറാണ് സംഗീതം. ടാനിയ രവിചന്ദ്രൻ, ഗൗരി ജി. കിഷൻ, പൂർണിമ ഭാഗ്യരാജ്, കെ. രേണുക, നാഗിനീഡു, കാളി വെങ്കട്, കരുണാകരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. റിച്ചാർഡ് എം നാഥനാണ് ഛായാഗ്രഹണം.