കണ്ണൂർ: ആരോഗ്യവകുപ്പിനെതിരെ ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം തന്നെയാണ് പ്രചാരണങ്ങൾക്ക് പിന്നിലെന്ന ആരോപണവും മന്ത്രി ഉന്നയിച്ചു. ആരോഗ്യവകുപ്പിൽ സർക്കാർ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ തടയാനാണ് പ്രചാരണം. ഏത് തരത്തിലുള്ള പ്രചാരണം നടത്തിയാലും പരിഷ്കാരങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ഭരണപരമായ കാര്യങ്ങളാണ് ചർച്ച ചെയ്തത്. പതിറ്റാണ്ടുകളായി കെട്ടികിടക്കുന്ന ആരോഗ്യവകുപ്പിന്റെ പേരിലുള്ള കേസുകളിലെ തുടർ നടപടി ഉൾപ്പടെ യോഗത്തിൽ ചർച്ചയായി. കേസുകളിൽ തുടർ നടപടി ഉണ്ടാക്കാത്തത് മൂലം പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി വരുന്ന സാഹചര്യമാണുള്ളത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശങ്ങൾ ദുർവ്യാഖ്യാനം ചെയ്തുവെന്നും വീണ ജോർജ്ജ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന അവലോകനയോഗത്തിൽ സംസ്ഥാനത്ത് ഏറ്റവും മോശമായി പ്രവർത്തിക്കുന്ന വകുപ്പ് ആരോഗ്യ വകുപ്പാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായുള്ള ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെയുടെ കത്ത് പുറത്തായിരുന്നു. പോരായ്മകൾ എണ്ണിപ്പറഞ്ഞും അവ അടിന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ഡി.എം.ഒമാർക്കും സ്ഥാപന മേധാവികൾക്കും അയച്ച കത്തിലാണ് ചീഫ് സെക്രട്ടറിയുടെ പരാമർശം.