വാഷിംഗ്ടൺ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. ഇപ്പോഴും നിലക്കാത്ത വെടിയൊച്ചകളാണ് യുക്രെയ്നിൽനിന്നും ഉയരുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഒന്നും ഫലം കണ്ടിട്ടില്ല.
റഷ്യ ഇപ്പോഴും ആക്രമണം തുടരുകയാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി നാറ്റോയുടെ സഹായം നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടിട്ടില്ല. അതിനിടയിലാണ് യുദ്ധം സംബന്ധിച്ച് പുതിയ അഭിപ്രായപ്രകടനവുമായി യു.എസ് രംഗത്തെത്തിയിരിക്കുന്നത്. റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്‌നിന് വിജയിക്കാനാകുമെന്ന് ബുധനാഴ്ച പെന്റഗൺ പറഞ്ഞു.
“തീർച്ചയായും അവർക്ക് ഇത് വിജയിക്കാൻ കഴിയും” -പെന്റഗൺ വക്താവ് ജോൺ കിർബി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “തെളിവ് അക്ഷരാർത്ഥത്തിൽ നിങ്ങൾ ദിവസവും കാണുന്ന ഫലങ്ങളിലാണ്. തീർച്ചയായും അവർക്ക് വിജയിക്കാൻ കഴിയും” -അദ്ദേഹം പറഞ്ഞു.