സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ശക്തമാകുന്നു.13 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴയും കാറ്റും വീശിയടിച്ചത്. കൊല്ലം പുനലൂരിൽ ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണു. കോട്ടവട്ടം സ്വദേശി സുരേഷിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. വയനാട് മീനങ്ങാടിയിൽ അഞ്ച് വീടുകളുടെ മേൽക്കൂരകൾ തകർന്നു.
എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് പെയ്തത്. പെരുമ്പാവൂരിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. വൈകുന്നേരം നാലോടെ തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. പലയിടത്തും കാറ്റും വീശിയടിച്ചത് കൃഷിനാശമുണ്ടാക്കി. ശക്തമായ ഇടിയും മിന്നലും പലയിടത്തുമുണ്ടായി. കോതമംഗലം കുട്ടമ്പുഴയിൽ ആറ് വീടുകളുടെ മേൽക്കൂരകൾ തകർന്നു. തട്ടേക്കാട്- കുട്ടമ്പുഴ റൂട്ടിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്‌തംഭിച്ചു. ഇലക്ട്രിക്ക് പോസ്റ്റിലേക്ക് മരങ്ങൾ വീണ് ഇലക്‌ട്രിസിറ്റി തടസപ്പെട്ടു.