ഒരു കോടിയിലധികമുള്ള താളിയോലകൾ സംരക്ഷിക്കുന്ന താളിയോല രേഖാമ്യൂസിയം തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴിലെ സെൻട്രൽ ആർക്കൈവ്സിലാണ് മ്യൂസിയം പ്രവർത്തിക്കുക. സംസ്ഥാന പുരാരേഖാ വകുപ്പിന്റെ രേഖകളുടെ ശാസ്ത്രീയ സംരക്ഷണം, വിഷയസൂചിക തയ്യാറാക്കൽ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ചരിത്ര പഠനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഇന്റർനാഷണൽ ആർക്കൈവ്സ് ആൻഡ് ഹെറിറ്റേജ് സെന്റർ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. പുരാരേഖകൾ കൈമാറാൻ തയ്യാറല്ലാത്തവരുടെ കൈവശമുള്ള രേഖകൾ അതത് സ്ഥലങ്ങളിൽ തന്നെ സംരക്ഷിച്ചുകൊണ്ടുള്ള കമ്മ്യൂണിറ്റി ആർക്കൈവ്സ് നടപ്പാക്കുന്നതിനുള്ള സൗകര്യങ്ങളും വകുപ്പിന് കീഴിൽ ഒരുക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പുരാരേഖകൾ കൈവശമുള്ളത് കേരള ആർക്കൈവ്സിനാണ്.
ശിലാലിഖിതങ്ങൾ, ചെപ്പേടുകൾ, മുളക്കരണങ്ങൾ, മരവുരി, തുകൽ, താളിയോല, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മതിലകം രേഖകൾ, പഴയ സർക്കാർ ഗസറ്റുകൾ, ബ്രിട്ടീഷ് അഡ്മിനിസ്‌ട്രേറ്റിവ് റിപ്പോർട്ടുകൾ തുടങ്ങി വലിയ ശേഖരമാണ് ആർക്കൈവ്സ് വകുപ്പിലുള്ളത്. ഈ രേഖകൾ ശാസ്ത്രീയമായി സംരക്ഷിക്കുകയും ഡിജിറ്റലൈസ് ചെയ്ത രേഖകൾ ആവശ്യമുള്ളവർക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഗവേഷകർ, ചരിത്രാന്വേഷികൾ തുടങ്ങിയവർക്ക് ആവശ്യമായ രേഖകൾ വേഗത്തിൽ ലഭിക്കുന്നതിനുള്ള വിഷയസൂചിക തയ്യാറാക്കുന്ന പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു