സംസ്ഥാനത്തെ ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ പഠന വിധേയമാക്കും. പ്രാദേശിക പ്രകൃതി സാഹചര്യങ്ങൾക്കനുസരിച്ച് പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ ആശുപത്രികളെ ദുരന്തങ്ങളെ നേരിടാൻ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏപ്രിൽ 7 ലോകാരോഗ്യ ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. കോവിഡ് 19 മഹാമാരിയുടെ പിടിയിലകപ്പെട്ട് ലോകം മുഴുവൻ യാതന അനുഭവിക്കുന്ന സമയത്ത് ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ച് കൂടുതൽ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപ്പെടുക്കുക എന്ന സന്ദേശമാണ് ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.
ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സെമിനാർ സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം മൂലം മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഓരോ വകുപ്പിന്റെയും കാഴ്ചപ്പാടും പ്രശ്ന പരിഹാരത്തിനുള്ള പ്രതിവിധികൾ ആവിഷ്‌ക്കരിക്കുന്നതും ഉദ്ദേശിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്.