തിരുവനന്തപുരം: കടുത്ത വിലക്കയറ്റത്തിൽ നിർമാണ മേഖല. ഇന്ധനവില വർധനവിന് പിന്നാലെ സിമന്റിനും കമ്പിക്കും പൊള്ളുന്ന വിലക്കയറ്റം.അതോടൊപ്പം എം സാൻഡ് (പാറമണൽ), ചെങ്കല്ല്, സിമന്റ് കട്ട, ഹോളോബ്രിക്സ് എന്നിവയുടെ വിലയും ഉയർന്നു. ഇതോടെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ നിർമാണച്ചെലവിൽ 20 ശതമാനത്തിലധികം വർധനവുണ്ടായതായി ഈ മേഖലയിലയിലുള്ളവർ പറയുന്നു.
കഴിഞ്ഞ ഒരുമാസത്തിനിടെയാണ് കോൺക്രീറ്റിന് ഉപയോഗിക്കുന്ന ടിഎംടി കമ്പിയുടെ വില ഇത്രയധികം ഉയർന്നത്. 20 രൂപയിലേറെയാണ് വർധിച്ചത്. നിലവിൽ 85 രൂപക്ക് മുകളിലാണ് വില. നേരത്തെ ശരാശരി 65 രൂപക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടിഎംടി കമ്പികളുടെ വില ഇരട്ടിയായി. കൊവിഡിന് മുമ്പ് ശരാശരി 45-50 രൂപയായിരുന്നു വിലയെന്ന് വ്യാപാരികൾ പറയുന്നു. കൊവിഡ് കാലത്ത് നിർമാണ സാമഗ്രികളുടെ വിലയിൽ വൻ കുതിപ്പുണ്ടായി. ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്കാണ് വലിയ വില നൽകേണ്ടി വരുന്നത്.
സിമന്റ് വിലയും നിയന്ത്രണമില്ലാതെ മേലോട്ടാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 40 മുതൽ 50 രൂപ വരെയാണ് ചാക്കൊന്നിന് കൂടിയത്. മുൻനിര കമ്പനികളുടെ സിമന്റിന് ഇപ്പോൾ 450 രൂപ നൽകണം. ഇടത്തരം കമ്പനികളുടെ സിമന്റിനും വില കൂടി. നേരത്തെ 350 രൂപക്ക് കിട്ടിയിരുന്ന ഇടത്തരം കമ്പനികളുടെ സിമന്റിന് ഇപ്പോൾ 380 രൂപ നൽകണം. ഇന്ധന വിലക്കയറ്റവും അസംസ്‌കൃത വസ്തുക്കളുടെ വില വർധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വില ഉയർന്നതോടെ ലോണെടുത്തും വായ്പ വാങ്ങിയും സമ്പാദ്യമെല്ലാം സ്വരൂപിച്ചും വീട് നിർമിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.