മോസ്കോ: റഷ്യയിലെ മുതിർന്ന പാർലമെന്റംഗവും ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ വ്ലാദിമിർ ഷിറിനോവ്സ്കി (75) അന്തരിച്ചു. ഫെബ്രുവരി രണ്ടിന് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നില പിന്നീട് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. 1993 മുതൽ പാർലമെന്റായ ഡ്യൂമ അംഗമാണ്. മൂന്ന് പതിറ്റാണ്ടായി ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ അദ്ദേഹം ആറുതവണ പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിച്ചിട്ടുണ്ട്. 1991ൽ ബോറിസ് യെൽറ്റ്സിൻ വിജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനക്കാരനായി.
രണ്ടു വർഷത്തിന് ശേഷം, പാർലമെന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി രണ്ടാം സ്ഥാനത്തെത്തി. റഷ്യൻ തീവ്ര വലതുപക്ഷക്കാരനായ അദ്ദേഹം പ്രകോപനപരവും വിവാദവുമായ പ്രസ്താവനകളിലൂടെയാണ് ശ്രദ്ധനേടിയത്.