കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയിൽ ബാർ അസോസിയേഷൻ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതിമ തകർത്ത നാരായണൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം. പ്രതി പട്ടികയുമായെത്തി പ്രതിമക്കു നേരെ പാഞ്ഞടുത്ത് അടിച്ച് പൊട്ടിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ടയാളെ മൂന്ന് മണിയോടെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ നഗരത്തിൽ തന്നെ മറ്റു സ്റ്റേഷനുകളിൽ പരാതിയുണ്ടെന്നും മാനസികാസ്വാസ്ഥതയുള്ളയാളെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കോൺക്രീറ്റിൽ തീർത്ത പ്രതിമയുടെ വലത്തെ ചെവിയാണ് പൊട്ടിച്ചത്.
മാർച്ച് 30ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ചടങ്ങിൽ ഹൈകോടതി ജഡ്ജി പി. ഗോപിനാഥും പങ്കെടുത്തിരുന്നു.