ന്യൂഡല്‍ഹി: മുംബൈയില്‍ സ്ഥിരീകരിച്ചത് കൊവിഡിന്‍റെ വകഭേദമായ എക്സ് ഇ (XE) അല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. വകഭേദങ്ങളെ കുറിച്ച് പഠിക്കുന്ന ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്സ് സീക്വൻസിങ് കൺസോർഷ്യത്തിലെ (ഇൻസകോഗ്) വിദഗ്ധരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ജിനോമിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നാണ് വിശദീകരണം.
നേരത്തെ യുവതിക്ക് ബാധിച്ചത് ബിഎ.2 വകഭേദത്തെക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വേഗത്തില്‍ പകരാന്‍ സാദ്ധ്യതയുള്ള എക്സ് ഇ വകഭേദമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 376 സാംപിളുകള്‍ പരിശോധിച്ചതില്‍ ഒരാള്‍ക്കാണ് എക്സ് ഇ രോഗബാധ കണ്ടെത്തിയത്. യുകെയിലാണ് ഈ വകഭേദത്തിന്റെ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്‌തത്.
ജീനോം സീക്വൻസ് പഠിച്ചപ്പോൾ അത് എക്സ് ഇ വകഭേദത്തിൻ്റെ രൂപത്തിലല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. വാർത്താ ഏജൻസിയാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവരം പുറത്ത് വിട്ടത്. മുംബൈ കോർപ്പറേഷനാണ് ജിനോ സീക്വൻസിൽ നടത്തിയതിന് ശേഷം എക്സ് ഇ വകഭേദം കണ്ടെത്തിയതായി പ്രസ്താവനയിറക്കിയത്. എക്സ് ഇ എന്ന് കണ്ടെത്തിയ ജീനോം സീക്വൻസിൻ്റെ fastQ ഫയലുകൾ വിശകലനം ചെയ്താണ് ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്സ് സീക്വൻസിങ് കൺസോർഷ്യത്തിലെ വിദഗ്ധർ എതിരഭിപ്രായം രേഖപ്പെടുത്തിയത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയേക്കും.
പുതുതായി രോഗം ബാധിച്ച സ്ത്രീ രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്തിരുന്നെന്നും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നും ആരോഗ്യവിദഗ്‌ദ്ധര്‍ പറഞ്ഞു. മറ്റ് രോഗങ്ങളും ഇവര്‍ക്ക് ഇല്ലാത്തതിനാല്‍ ആരോഗ്യകാര്യത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 10ാം തീയതി ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ഇവരില്‍ അന്ന് തന്നെ കൊവിഡ് പരിശോധന നടത്തിയിരുന്നു.
ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് മാര്‍ച്ച് രണ്ടാം തീയതി നടത്തിയ ടെസ്റ്റില്‍ ഇവര്‍ പൊസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. അപ്പോഴും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇവരില്‍ പ്രകടമായിരുന്നില്ല. തുടര്‍ന്ന് 24 മണിക്കൂറിന് ശേഷം പിറ്റേന്ന് വീണ്ടും നടത്തിയ ടെസ്റ്റില്‍ ഇവര്‍ നെഗറ്റീവ് ആകുകയായിരുന്നു.
കൊവിഡിന്റെ ബിഎ.2 വകഭേദമായിരുന്നു ഇതിനു മുമ്ബ് ഏറ്റവും വേഗത്തില്‍ പടര്‍ന്നുപിടിച്ചിരുന്നത്. എന്നാല്‍ ബിഎ.2 വകഭേദത്തെക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വേഗത്തില്‍ പകരാന്‍ സാദ്ധ്യതയുള്ളതാണ് പുതിയ എക്സ് ഇ വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച പഠനങ്ങള്‍ പുരോഗമിക്കുന്നതേയുള്ളൂ. നിലവില്‍ നടക്കുന്ന പഠനങ്ങളില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ പടരുന്ന കൊവിഡ് വകഭേദമായിരിക്കും എക്സ് ഇ.