മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി. അമ്പത് ഫെഡാൻ (51.5 ഏക്കർ) സ്ഥലത്താണ് കൃഷി ചെയ്തത്. മികച്ചയിനം വിത്തുകളും സമയബന്ധിതമായി നിർദേശങ്ങളും വിളവെടുപ്പ് സേവനങ്ങളും നൽകി ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചർ, ഫിഷറീസ്, വാട്ടർ റിസോഴ്സ് കർഷകർക്ക് മികച്ച പിന്തുണ നൽകി. കഴിഞ്ഞ സീസണിൽ ഗോതമ്പ് ഉൽപാദനം 70 മുതൽ 75 ടൺ വരെയായിരുന്നു കിട്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ വീശിയടിച്ച ശഹീൻ ചുഴലിക്കാറ്റ് കാരണം ഈ സീസണിൽ ഉൽപാദനം കുറയാനാണ് സാധ്യതയെന്ന് ഡയറക്ടറേറ്റ് പറഞ്ഞു. ശഹീൻ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത് ബാത്തിന മേഖലയിലായിരുന്നു. നിരവധി കൃഷി സ്ഥലങ്ങളാണ് കാറ്റിൽ നിലംപൊത്തിയത്. രാജ്യത്തിൻറെ 50 ശതമാനത്തോളം കൃഷി സ്ഥലങ്ങളും ബാത്തിന മേഖലയിലാണ്. ശഹീൻ വിതച്ച നാശത്തെ മറികടന്നാണ് ഈ മേഖലയിലുള്ളവർ കൃഷിയിറക്കിയത്. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് ഈ വർഷത്തെ വിളവെടുപ്പിനെ കാണുന്നത്.
ഈ വർഷം കർഷകരിൽനിന്ന് ഗോതമ്പ് വിളകൾ ടണ്ണിന് 500 റിയാൽ നിരക്കിൽ വാങ്ങുന്നതിനായി ഒമാൻ ഫ്ലോർ മിൽസ് കമ്പനി, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി അടുത്തിടെ കരാർ ഒപ്പുവെച്ചിരുന്നു. ഇത് കർഷകർക്ക് അനുഗ്രഹമാകുമെന്നാണ് കരുതുന്നത്.