ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻസിപി അധ്യക്ഷൻ ശരത് പവാറും കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇന്ന് നടന്ന കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു.
വിവിധ കേസുകളില്‍ മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിലുള്പ്പെടുന്ന ശിവസേന-എന്‍സിപി നേതാക്കള്‍ക്കെതിരേയും ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന മറ്റ് രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കെതിരെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടി സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയുടെ വിശദാംശങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ശരത് പവാറിന്റെ ബന്ധു കൂടിയായ എൻസിപി നേതാവ് അജിത് പവാർ പ്രതികരിച്ചു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംബന്ധിച്ച വിഷയങ്ങള്‍ ചർച്ചചെയ്തതായി ശരത് പവാറും പ്രതികരിച്ചിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് സഞ്ജയ് റാവത്തിനെതിരേ നടപടി സ്വീകരിച്ചതെന്നും ഇത് അനീതിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മഹാരാഷ്ട്രയിലെ ഭരണകക്ഷി നേതാക്കളെ ബിജെപി തകർക്കാൻ ശ്രമിക്കുകയാണെന്ന് ശിവസേനയും കോണ്‍ഗ്രസും എൻസിപിയും കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചിരുന്നു.
രാവിലെ മുംബൈ ജയിലിൽ കഴിയുന്ന എൻസിപി നേതാവും മുൻ മന്ത്രിയുമായ അനിൽ ദേശ്മുഖിനെ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പവാർ-മോദി കൂടിക്കാഴ്ചയുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ 11.15 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.