മുംബൈ: ഇന്ത്യയിലെ ആദ്യ ഒമിക്രോൺ എക്‌സ്ഇ (Omicron XE) വകഭേദം മുംബൈയിൽ സ്ഥിരീകരിച്ചു. ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപറേഷനി (ബി.എം.സി) ലാണ് രോഗബാധ സ്ഥിരീകരിച്ചത്. 50 വയസുള്ള സ്ത്രീക്ക് രോഗലക്ഷണങ്ങളില്ലെന്നും കോവിഡ് വാക്സിൻ എടുത്തിരുന്നതായും ബി.എം.സി അറിയിച്ചു.
പുതിയ വകഭേദത്തിന് ഒമിക്രോണിനെക്കാൾ വ്യാപനശേഷി ഉണ്ടെന്നാണ് വിലയിരുത്തൽ. ബിഎ 1, ബിഎ 2 എന്നീ ഒമിക്രോൺ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ് ഇ. ലോകമെങ്ങും പടർന്നു കഴിഞ്ഞ ബിഎ 2 വകഭേദത്തേക്കാൾ 10 ശതമാനം വ്യാപനശേഷി കൂടുതലാണ് എക്സ് ഇക്ക്.
യു.കെയിലാണ് ലോകത്ത് ആദ്യമായി ഒമിക്രോൺ എക്‌സ്ഇ റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ബ്രിട്ടണിൽ ജനുവരി 19നാണ് ആദ്യ എക്സ് ഇ കേസ് സ്ഥിരീകരിച്ചതെന്ന് ബ്രിട്ടൻ ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്തു. 637 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഈ വൈറസിനെ കുറിച്ച് വിശദപഠനം നടത്തി വരികയാണ് ലോകാരോഗ്യ സംഘടന.
മുംബൈയിലെ 230 രോഗികളിൽ 228 പേർക്ക് ഒമിക്രോണും ഒരാൾക്ക് കപ്പ വകഭേദവും ഒരാൾക്ക് എക്സ്ഇ വകഭേദവും സാമ്പിളുകൾ പരിശോധനയിൽ സ്ഥിരീകരിച്ചു. ആകെയുള്ള 230 രോഗികളിൽ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഓക്സിജനോ തീവ്രപരിചരണമോ ആവശ്യമില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 12 പേർ വാക്സിൻ എടുക്കാത്തവരും ഒമ്പതും പേർ രണ്ട് ഡോസ് വാക്സിൻ എടുത്തവരുമാണ്.