ഗുരുവായൂർ: കോൺഗ്രസ്സുകാരുടെ ചോര വീണ മണ്ണിൽ സിപിഎമ്മുമായി കൈകോർക്കാൻ കോണ്‍ഗ്രസിനാകില്ലെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ച് വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന നിലപാടുകൾക്കൊപ്പമേ കെ.വി.തോമസ് നിലകൊള്ളുകയുള്ളുവെന്നും സതീശൻ ഗുരുവായൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സിപിഎം പാർട്ടി കോണ്‍ഗ്രസിലേക്കു കെ.വി.തോമസ് ഒരിക്കലും പോകുമെന്നു താൻ കരുതുന്നില്ല. നിരവധി കോണ്‍ഗ്രസ് പ്രവർത്തകരുടെ ചോര വീണ കണ്ണൂരിലെ മണ്ണിൽ നടക്കുന്ന സമ്മേളനത്തിൽ ചെന്നു സിപിഎമ്മുമായി കൈകോർക്കാനുള്ള വിശാല മനസ്കത കോണ്‍ഗ്രസിനില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിശദാകരിച്ചു.
അതേസമയം സിപിഎം കേന്ദ്രനേതൃത്വം ബിജെപിക്കു ബദലായി കോണ്‍ഗ്രസും മറ്റു പാർട്ടികളുമായി ചർച്ചയ്ക്കു തയാറാണെന്നു പറയുന്പോഴും കേരള ഘടകം കോണ്‍ഗ്രസുമായി ഒരു സഖ്യവും വേണ്ടെന്ന നിലപാടിലാണെന്നും ബിജെപി ജയിച്ചാലും കോണ്‍ഗ്രസുമായി കൂട്ടുകൂടില്ലെന്നാണ് കേരളത്തിലെ സിപിഎം കൈക്കൊള്ളുന്ന നിലപാടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസും ലീഗും വികസന വിരുദ്ധരാണെന്നാണ്. പാർട്ടി സെക്രട്ടറിയായി പതിനാറു വർഷം വികസന വിരുദ്ധ കാണിച്ച പിണറായിയാണ് ഇതു പറയുന്നത്. കേരളത്തിൽ നടന്നിട്ടുള്ള വികസന പദ്ധതികളെല്ലാം യുഡിഎഫ് സർക്കാരിന്റെ കാലത്തു വന്നതാണെന്നും ദേശീയപാത വികസനവും ഗെയിൽ പൈപ്പ് ലൈനുമെല്ലാം ഇതിനുദാഹരണമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.