ഡെറാഡൂൺ: എയ്ഡ്സ് രോഗം പടർത്താനായി ബന്ധുവായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 23കാരിയായ യുവതി അറസ്റ്റിൽ. 15 വയസ്സുള്ള ആൺകുട്ടിയെയാണ് എച്ച്‌ഐവി ബാധിതയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഡെറാഡൂണിലെ ഉധംസിങ് നഗറിലാണ് സംഭവം. കുടുംബം നൽകിയ പരാതിയെ തുടർന്ന് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മാർച്ച് മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എയ്ഡ്സ് ബാധിച്ചാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. യുവതിക്കും എയ്ഡ്സ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് യുവതി യുപിയിലെ പിലിഭിത്തിലെ സ്വന്തം വീട്ടിലേക്ക് താമസം മാറി.
ഭർത്താവിന്റെ മരണാനന്തര ചടങ്ങിന് എത്തിയ ബന്ധുവായ 15കാരനെ യുവതി നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. ഭർത്താവിന്റെ സഹോദരന്റെ മകനാണ് ഇരയായ കുട്ടി. ഹോളിക്ക് തലേ ദിവസമാണ് ആൺകുട്ടി ആദ്യം പീഡനത്തിനിരയായത്. പിന്നീട് നിരന്തരം പീഡിപ്പിച്ചു. കുട്ടി സ്വന്തം വീട്ടിലേക്ക് പോകും വരെ പീഡനം തുടർന്നു. കുട്ടിക്ക് എയ്ഡ്സ് പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവതി 15കാരനെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പീഡന വിവരം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കുട്ടിയെ യുവതി ഭീഷണിപ്പെടുത്തി. യുവതി വീണ്ടും ഭർത്താവിന്റെ വീട്ടിൽ സന്ദർശനത്തിനായി എത്തി. കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിനിടെ കുട്ടിയുടെ അമ്മ സംഭവം കണ്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി എല്ലാം വെളിപ്പെടുത്തി. ഡിസംബറിലാണ് യുവതിയുടെ ഭർത്താവ് എച്ച്ഐവി ബാധിച്ച് മരിച്ചത്.