അബുദാബി: അബൂദബിയില്‍ കുടുംബവഴക്കിനിടെ നവവധുവായ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മരുമകള്‍ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് മരിച്ചത്. 63 വയസായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
വഴക്കിനെതുടര്‍ന്നുള്ള വാക്കുതര്‍ക്കത്തിനിടെ ഭര്‍തൃമാതാവിനെ ഷജന പിടിച്ചുതള്ളുകയും ഭിത്തിയില്‍ തലയിടിച്ചുവീണ് ഉടന്‍ മരിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടന്നുവരികയാണ്.
റൂബിയും ഷജനയും അടുത്തിടെയാണ് സന്ദര്‍ശകവിസയില്‍ അബൂദബിയില്‍ എത്തിയത്. മരിച്ച റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഓണ്‍ലൈനിലൂടെ ആണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. അബുദാബിയില്‍ എത്തിയതിനു ശേഷമാണു സഞ്ജു ഭാര്യയെ ആദ്യമായി കാണുന്നത്.
രണ്ട് ദിവസമായി ഉമ്മയുമായി ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും തിങ്കളാഴ്ച രാത്രി പ്രശ്‌നം രൂക്ഷമായതായും സഞ്ജു പറഞ്ഞു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.