ദുബൈ: ലോകത്തെ അതിസമ്പന്നരെ ഉൾപെടുത്തി ഫോബ്സ് പുറത്തിറക്കിയ ഈ വർഷത്തെ പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഒന്നാമത്. ആഗോളതലത്തിൽ 490ാം സ്ഥാനമാണ് യൂസുഫലിക്ക്. 540 കോടി ഡോളറിൻറെ ആസ്തിയുണ്ട്.
ഇൻഫോസിസിൻറെ എസ്. ഗോപാലകൃഷ്ണനാണ് (410 കോടി ഡോളർ) മലയാളികളിൽ രണ്ടാമൻ. ബൈജൂസ് ആപ്പിൻറെ ബൈജു രവീന്ദ്രൻ (360 കോടി ഡോളർ), രവി പിള്ള (260 കോടി ഡോളർ), എസ്.ഡി. ഷിബുലാൽ (220 കോടി ഡോളർ), യു.എ.ഇ ആസ്ഥാനമായ ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (210 കോടി ഡോളർ), ജോയ് ആലുക്കാസ് (190 കോടി ഡോളർ), മുത്തൂറ്റ് കുടുംബം (ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, ജോർജ്ജ് തോമസ് മുത്തൂറ്റ്, സാറ ജോർജ്ജ് മുത്തൂറ്റ്- 140 കോടി ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് മലയാളികൾ.
ഇന്ത്യയിൽ നിന്ന് മുകേഷ് അംബാനിയും ഗൗതം അദാനിയും (9000 കോടി ഡോളർ വീതം) ലോകത്തിലെ അതിസമ്പന്നരിൽ 10, 11 സ്ഥാനങ്ങളിലെത്തി. ടെസ്ല കമ്പനി മേധാവി എലോൺ മുസ്കാണ് പട്ടികയിൽ ഒന്നാമൻ. 21900 കോടി ഡോളറാണ് ആസ്തി. ആമസോൺ സി.ഇ.ഒ ജെഫ് ബെസോസിനെ (17100 കോടി ഡോളർ) പിന്തള്ളിയാണ് മുസ്ക് ഒന്നാമതെത്തിയത്. ഫ്രഞ്ച് ഫാഷൻ രംഗത്തെ അതികായകർ ബെർനാഡ് അർനോൾട്ട് കുടുംബമാണ് (15800 കോടി ഡോളർ) മൂന്നാമത്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (12900 കോടി ഡോളർ) നാലാമതും നിക്ഷേപ ഗുരു വാറൻ ബഫറ്റ് (11800 കോടി ഡോളർ) അഞ്ചാമതുമുണ്ട്.