തിരുവനന്തപുരം: കെ എസ് ആർ ടി സിയെ ദയാവധത്തിന് വിട്ട് രണ്ടു ലക്ഷം കോടിയുടെ കെ റെയിലുമായി മുന്നോട്ട് പോവുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ എസ് ആർ ടി സി യിൽ ഇനി ഒന്നും ചെയ്യേണ്ടെന്നാണ് സർക്കാർ നിലപാടെന്ന് അദ്ദേഹം വിമർശിച്ചു.
കെഎസ്ആർടിസിയിൽ നിലവിൽ ലാഭത്തിലുള്ള സർവീസുകൾ കെ – സ്വിഫ്റ്റ് കമ്പനിക്ക് കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതോടെ സ്വാഭാവികമായും കെ സ്വിഫ്റ്റ് ലാഭത്തിലാകും. കെ എസ് ആർ ടി സി യിൽ അവശേഷിക്കുന്ന സർവീസുകൾ കൂടുതൽ നഷ്ടത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയുമായി കേരളത്തിലെ സർക്കാരിന് ഒരു വ്യത്യാസവുമില്ല. സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന് കടുത്ത വലതുപക്ഷ വ്യതിയാനം സംഭവിച്ചെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കേരളത്തെ പാരിസ്ഥിതികമായി തകർക്കാനാണ് നീക്കമെന്ന് കെ റെയിൽ വിഷയം ഉന്നയിച്ച് അദ്ദേഹം കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തലയുടെ പരാതിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് തനിക്കൊന്നും പറയാനില്ലെന്ന് വി ഡി സതീശൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ തന്നെ മാധ്യമങ്ങളോട് പറയുമെന്നും വിഡി സതീശൻ പറഞ്ഞു. .