നടന്‍ അനീഷ് ഗോപിനാഥനെതിരെ യുവതിയുടെ ലൈംഗീക അതിക്രമ പരാതി. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന്‍ പല തവണ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നത് . ലൈംഗീക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടിയുടെ പ്രതികരണം.
മോണോ ആക്ട് പ്രാക്ടീസിനിടക്ക് അനീഷ് പല തവണ ചുംബിക്കുകയും സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തന്നാണ് ആരോപണം. മോണോ ആക്ട് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശരീരത്ത് സ്പര്‍ശിക്കുന്നതെന്ന് മാതാപിതാക്കളെയും തെറ്റിദ്ധരിപ്പിച്ചു.നടന്‍ അഭിനയം മെച്ചപ്പെടുത്താനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു. അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളോട് അറിയിച്ചെങ്കിലും അവര്‍ക്ക് അനീഷിനെതിരെ പ്രതികരിക്കാന്‍ ഭയമായിരുന്നു. മോണോ ആക്ട് ക്ലാസ് നിര്‍ത്തിയെങ്കിലും ഫോണിലൂടെ ലൈംഗീകച്ചുവയില്‍ സംസാരിക്കുന്നത് ഇയാൾ തുടര്‍ന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ തിരിച്ചു പ്രതികരിക്കാന്‍ ധൈര്യം കിട്ടി തുടങ്ങി എന്നും പറയുന്നു.
ഇനി വിളിക്കരുത്. ഉപദ്രവിക്കരുത് അയാളോട് തീര്‍ത്തുപറഞ്ഞു.അനീഷ് ഗോപിനാഥന്‍ പിന്നീട് സിനിമയില്‍ തിരക്കുള്ള നടനായി. അതിക്രമത്തിന്റെ ഞെട്ടലില്‍ നിന്നും വിട്ടുമാറാന്‍ കഴിയാതെ അനീഷിനെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നു. ഏറെക്കാലത്തെ കൗണ്‍സിലിങ്ങിനും ചികിത്സയ്ക്കും ശേഷമാണ് മനസ്ഥൈര്യം വീണ്ടെടുത്തത്.
സ്വന്തം വീട്ടില്‍ പോലും വേണ്ട സപ്പോര്‍ട്ട് കിട്ടാതെ ഇതൊക്കെ ഞാന്‍ ആരോട് പറയാനാണ്. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ എടുത്തു ആരോടെങ്കിലും ഇതൊക്കെ ഷെയര്‍ ചെയ്യാന്‍. ഒരുപക്ഷേ അയാളാല്‍ ഉപദ്രവിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട വേറെയും പെണ്‍കുട്ടികള്‍ ഉണ്ടാകാം. എന്നെപ്പോലെ ഒരാള്‍ തുറന്ന് പറഞാല്‍ മറ്റുള്ളവര്‍ക്കും ഇതെല്ലാം തുറന്നുപറയാന്‍ ധൈര്യമുണ്ടാകും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ എന്നാണ് യുവതിയുടെ തുറന്നുപറച്ചിൽ. യുവതിയുടെ ആരോപണത്തോട് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.