കോട്ടയം: കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിയമം കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഫിഷറീസ് സാംസ്‌കാരികം യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ ആരോഗ്യമുന്നേറ്റത്തില്‍ കാതലായ മുന്നേറ്റം നടത്തുന്ന മേഖലയാണ് മത്സ്യബന്ധന മേഖല. മത്സ്യബന്ധന മേഖലയില്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ അനന്തസാധ്യതകളാണുള്ളത്. കടല്‍ മത്സ്യത്തൊഴിലാളികളുടെ അവകാശമാണ്. മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യം വെച്ച് ധാരാളം കര്‍മപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. ഫിഷറീസ് സ്റ്റേഷനുകള്‍ നിലവില്‍ വരുന്നതോടെ കൃത്യമായ സംരക്ഷണ സംവിധാനമാണ് കേരളത്തിന്റെ തീരങ്ങളില്‍ ഇനിയുണ്ടാവുക. കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിയമം കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാരീനും മത്സ്യത്തൊഴിലാളികള്‍ക്കും ഉത്തരവാദിത്തമുണ്ട്. കേരളത്തിന്റെ തീരദേശ മേഖലയില്‍ 7500 കോടിയോളം രൂപയൂടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ഹാര്‍ബര്‍ അടിയന്തിരമായി നവീകരിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര സർക്കാരുമായി സഹകരിച്ചുള്ള പദ്ധതിക്ക് ഇതുവരെ 51 കോടി രൂപ അനുവദിച്ചു നിർമ്മാണപ്രവർത്തനങ്ങളും ആരംഭിച്ചു. ജില്ലയിലെ തീരദേശ മേഖലകളില്‍ പ്രയാസങ്ങള്‍ ഉണ്ട്. അജാനൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ചില പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട് ജി്ല്ലയുടെ തീരമേഖലയുടെ പ്രയാസങ്ങള്‍ക്ക് ശാശ്വതമായ പരിഹാരത്തിന് മുന്തിയ പരിഗണന സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തീരസംരക്ഷണത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ സംരക്ഷണവും പ്രധാനമാണ്. എല്ലാ മത്സ്യത്തൊഴിലാളികളും ഇന്‍ഷുറന്‍സില്‍ പങ്കാളികളാവണം. വള്ളങ്ങളുടെ രജിസ്ട്രേഷനും കൃത്യമായി പാലിക്കണം. അനധികൃതമായ മത്സ്യബന്ധനം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. 2004 മുതല്‍ മത്സ്യബന്ധനത്തിനിടെ മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. കോഴിക്കോടും തിരുവനന്തപുരത്തും അദാലത്തില്‍ 139 കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് സഹായം കൈമാറിയെന്നും മന്ത്രി പറഞ്ഞു.