ദുബൈ: വസന്തകാല അവധിക്ക് ശേഷം ദുബൈയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം. മൂന്നാഴ്ചത്തെ അവധിക്ക് ശേഷം വിദ്യാർഥികൾ തിങ്കളാഴ്ച ക്ലാസ്മുറികളിലെത്തി. അതേസമയം, മറ്റ് എമിറേറ്റുകളിൽ അടുത്തയാഴ്ചയാണ് ക്ലാസുകൾ തുടങ്ങുന്നത്. ദുബൈയിൽ അറബിക് ഉൾപ്പെടെയുള്ള കരിക്കുലം പിന്തുടരുന്ന സ്കൂളുകളിൽ മൂന്നാംപാദ ക്ലാസുകളാണ് തുടങ്ങിയത്.
വിദ്യാർഥികളുടെ വാർഷിക പരീക്ഷ കഴിഞ്ഞതോടെ രക്ഷിതാക്കളും സ്കൂൾ ജീവനക്കാരും നാട്ടിലേക്ക് പോയിരുന്നു. റമദാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവർ തിരിച്ചെത്തിയിട്ടുണ്ട്. ജൂലൈയിൽ രണ്ടു മാസത്തെ അവധി ലഭിക്കുന്നതിനാൽ കുറച്ച് വിദ്യാർഥികൾ മാത്രമാണ് ഈ അവധിക്ക് നാട്ടിലെത്തിയത്. ഭൂരിപക്ഷം രക്ഷിതാക്കളും വിദ്യാർഥികളും ജൂലൈയിലായിരിക്കും നാട്ടിൽ പോവുക.
അവധിക്കാലത്ത് അധ്യാപകർക്കും ഇതര ജീവനക്കാർക്കുമുള്ള പരിശീലനം നടന്നു. വിദ്യാർഥികളുടെ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണയവും ഫലപ്രഖ്യാപനവും ഈ കാലയളവിലാണ് നടന്നത്. കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കുറച്ചാണ് പുതിയ അധ്യയന വർഷം തുടങ്ങിയത്. എല്ലാ സ്കൂളുകളും ക്ലാസ്മുറി പഠനത്തിലേക്ക് തിരിച്ചുവരും. ക്ലാസ്മുറിക്കകത്ത് മാസ്കും സാമൂഹിക അകലവും നിർബന്ധമാണ്. എന്നാൽ, തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ലെന്ന് ചില സ്കൂളുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.