ഇടുക്കി: എഴുകും വയലിൽ വൻ സ്പിരിറ്റു വേട്ട. 315 ലിറ്റർ സ്പിരിറ്റ് പിടികൂടി. വിദേശമദ്യം വ്യാജമായി നിർമ്മിച്ച് വിൽപ്പന നടത്തിവന്നിരുന്ന സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എഴുകുംവയൽ സ്വദേശികളായ കൊട്ടാരത്തിൽ സന്തോഷ്, കൊച്ചുമലയിൽ അനീഷ് എന്നിവരാണ് അറസ്റ്റിലായത്. എഴുകുംവയലിൽ സന്തോഷിൻറെ ഉടമസ്ഥതയിലുള്ള പ്രിയാസ് കോഫിബാറിൻറെ ഭാഗമായുള്ള ഒരു മുറിയിലും സമീപത്ത് അടച്ചിട്ടിരുന്ന കെട്ടിടത്തിലെ മുറിയിലുമാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
ഒന്നര കന്നാസ് നേർപ്പിച്ച സ്പിരിറ്റ്, ആറ് ചാക്ക് കാലിക്കുപ്പികൾ, സ്പിരിറ്റിൽ കളർ ചേർക്കുന്നതിനുള്ള പൊടികൾ, കുപ്പികളുടെ ആറ് പാക്കറ്റ് അടപ്പ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു. പല ബ്രാൻറുകളുടെ പേരുള്ള കുപ്പികളാണ് കണ്ടെടുത്തത്. സ്പിരിറ്റ് നേർപ്പിച്ച് കളർ ചേർത്ത ശേഷം കുപ്പികളിൽ നിറച്ച് മൊത്തമായും ചില്ലറയായും ഇവർ വിൽപ്പന നടത്തിവരികയായിരുന്നു. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയിഡിലാണ് സ്പിരിറ്റ് പിടികൂടിയത്.