ചണ്ഡിഗഡ്: പഞ്ചാബിൽ ഭൂമി തർക്കത്തെത്തുടർന്നുണ്ടായ വെടിവയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ഗുരുദാസ്പുർ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ സുഖ്‌രാജ് സിങ് (35), ജയ്മൽ സിങ് (45), നിഷാൻ സിങ് (33) എന്നിവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഫുള്‍ഡ ഗ്രാമത്തിലെ കോണ്‍ഗ്രസ് സര്‍പഞ്ചിന്റെ ഭര്‍ത്താവും കൊല്ലപ്പെട്ടവരില്‍ ഉണ്ട്.
ബീസ് നദിയുടെ തീരത്ത് സുഖ്‌രാജ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വെടിവയ്പ്പുണ്ടായത്. ഹോഷിയാപുർ ജില്ലയിൽ നിന്നെത്തിയവർ ഈ ഭൂമിക്കായി അവകാശവാദം ഉന്നയിക്കുകയും തുടർന്നുണ്ടായ സംഘർഷത്തിൽ വെടിയുതിർക്കുകയുമായിരുന്നു എന്ന് കൊല്ലപ്പെട്ട നിഷാൻ സിങ്ങിന്റെ ബന്ധുക്കൾ പറഞ്ഞു.
തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പക്ഷമായി തിരിഞ്ഞ ആളുകള്‍ പരസ്പരം വെടിയുതിര്‍ത്തെന്നാണ് വിവരം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഭൂമിയുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ഹർജിത് സിങ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.