വടകര: ഭാര്യയുടെ വീടിന് തീകൊളുത്തിയതിനു പിന്നാലെ ആത്മഹത്യാ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ. കോഴിക്കോട് കൊളാവി പാലം സ്വദേശി അനിൽ കുമാറാണ് വീടിന് തീയിട്ടത്. അതിനു ശേഷം ഇയാൾ സ്വയം പെട്രോൾ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് സംഭവം.
അനിൽകുമാറിന്റെ ഭാര്യ സഹോദരൻ കോട്ടക്കടവ് പാറക്കണ്ടി റോഡ് കടുങ്ങോന്റവിട ഷാജിയുടെ വീടിനു നേരെയാണ് അക്രമം സംഭവിച്ചത്. വീടിനു തീ കൊളുത്തിയതിനു പുറമെ മുറ്റത്ത് നിർത്തിയ കാറിനും സ്കൂട്ടറിനും തീയിട്ടു. അയൽ വീട്ടുകാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് അവർ ഷാജിയെ വിളിച്ചറിയിക്കുകയിരുന്നു. വീടിനു പുറത്തേക്കിറങ്ങിയ ഷാജിക്കു നേരെയും ഇയാളുടെ അക്രമശ്രമമുണ്ടായി. ഇതിനു പിന്നാലെയാണ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്.