തിരുവനന്തപുരം: ഐഎൻടിയുസി-വി.ഡി. തീശൻ തർക്കങ്ങൾക്ക് പരിഹാരമായി. പോഷക സംഘടനയ്ക്ക് മുകളിലാണ് ഐഎൻടിയുസിയുടെ സ്ഥാനമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
ഐഎൻടിയുസി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും മറ്റുള്ളതെല്ലാം മാധ്യമ സൃഷ്ടിയാണ്. തെറ്റിദ്ധാരണയില്‍ നിന്നാണ് പ്രകടനമുണ്ടായത്. പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും. നാട്ടകം സുരേഷിനോട് വിശദീകരണം ചോദിക്കുമെന്നും സുധാകരന് പറഞ്ഞു.
വിവാദം തീര്‍ക്കാന്‍ ഇന്ന് രാവിലെയും ചന്ദ്രശേഖരനെ വീട്ടിലേക്ക് വിളിച്ച് കെപിസിസി അധ്യക്ഷൻ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ സതീശനെതിരെ എതിർപ്പ് അറിയിച്ച ചന്ദ്രശേഖരൻ ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെയാണെന്ന് വിശദീകരിച്ചു. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന സതീശന്‍റെ പരാമർശം തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും തിരുത്തൽ വേണമെന്നും ചര്‍ച്ചയില്‍ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരുന്നു.
ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും സതീശനെതിരെ നടന്ന പ്രകടനങ്ങളെ സ്വാഭാവികമായ പ്രതികരണം എന്ന നിലക്ക് ചന്ദ്രശേഖരൻ ന്യായീകരിക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങൾ നിർത്തണമെന്ന ആവശ്യം സുധാകരൻ മുന്നോട്ട് വെച്ചെങ്കിലും മുൻകൂട്ടി നിശ്ചയിച്ച വാർത്താസമ്മേളനം പിൻവലിക്കാതെ സതീശനെതിരായ എതിർപ്പ് ചന്ദ്രശേഖരന്‍ ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് വൈകിട്ട് സുധാകരനും സതീശനും ഐഎൻടിയുസി പ്രസിഡന്‍റ് ചന്ദ്രശേഖരനും കൂടിക്കാഴ്ച നടത്തിയത്. ഇതോടെ തെരുവിലേക്ക് വരെ നീണ്ട് ഒരാഴ്ച്ചയോളമായി മുറുകിയ ഐഎൻടിയുസി വിവാദമാണ് ഒത്തുതീർപ്പായത്.
ഐഎൻടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനമാത്രമാണെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രസ്താവനയായിരുന്നു പ്രകോപനത്തിന് കാരണമായത്.
ഭരണഘടനാപരമായി പോഷക സംഘടന എന്ന ലേബലിൽ കോണ്‍ഗ്രസിൽ ഐഎൻടിയുസി ഇല്ലെങ്കിലും അതിനെല്ലാം മുകളിലാണ് ഐഎൻടിയുസിയുടെ സ്ഥാനമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ഐഎൻടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനായാണ് എന്ന് തന്നെയാണ് സതീശൻ പറഞ്ഞത്. തർക്കമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.