കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത ബാർ കൗൺസിലിൽ വീണ്ടും പരാതി നൽകി. നേരത്തെ നൽകിയ പരാതിയിൽ പിഴവ് ഉണ്ടായിരുന്നതിനാൽ ഇത് തിരുത്തിയാണ് പുതിയ അപേക്ഷ സമർപ്പിച്ചത്. അഡ്വ.ബി രാമൻപിള്ള ഉൾപടെയുള്ളവർക്കെതിരെ നടപടി വേണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം.
പ്രധാനമായും കേസിലെ എട്ടാം പ്രതിയായ ദിലീപിനു വേണ്ടി അഭിഭാഷകർ നടത്തുന്നത് തികച്ചും നിയമവിരുദ്ധവും അഭിഭാഷക വൃത്തിക്ക് നിരക്കാത്തതുമായ കാര്യങ്ങളാണ് എന്നാരോപിച്ചാണ് നടി പരാതി നൽകിയിരിക്കുന്നത്. ബി രാമൻ പിള്ള അടക്കമുള്ളവർക്ക് മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും അപേക്ഷിൽ ഉന്നയിച്ചിട്ടുണ്ട്.
നേരത്തെ നൽകിയ പരാതിയിൽ സാങ്കേതികപരമായ പിഴവുകൾ ഉണ്ടെന്ന് കാണിച്ച് ബാർകൗൺസിൽ മറുപടി നൽകിയിരുന്നില്ല. തുടർന്നാണ് പിഴവുകൾ തിരുത്തി നടി വീണ്ടും ബാർകൗൺസിലിനെ സമീപിച്ചത്.
കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി വേണമെന്നാണ് ആവശ്യം.