ന്യൂഡൽഹി: പാകിസ്താൻ മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ ഇടക്കാല പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്ത് ഇമ്രാൻ ഖാൻ. താൽക്കാലിക പ്രധാനമന്ത്രിയെ നിയമിക്കുന്നത് വരെ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി തുടരണമെന്ന് പ്രസിഡൻറ് ആരിഫ് അലി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. താൽക്കാലിക പ്രധാനമന്ത്രിയെ നിർദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിനും ഇമ്രാൻ ഖാനും പ്രസിഡന്റ് കത്തയച്ചിരുന്നു.
ഭരണഘടനയനുസരിച്ച് ദേശീയ അസംബ്ലിയും (എൻ.എ) ഫെഡറൽ കാബിനറ്റും ഞായറാഴ്ചയാണ് പിരിച്ചുവിട്ടത്. എൻ.എ പിരിച്ചുവിട്ട് മൂന്ന് ദിവസത്തിനുള്ളിലെ നിയമനത്തിൽ വിയോജിപ്പുണ്ടെങ്കിൽ സ്പീക്കർ രൂപീകരിക്കുന്ന കമ്മിറ്റിക്ക് രണ്ട് പേരെ നാമനിർദേശം ചെയ്യാം. സ്പീക്കർ രൂപീകരിക്കുന്ന കമ്മിറ്റിയിൽ സെനറ്റ് അംഗങ്ങൾ അഥവാ ദേശീയ അസംബ്ലിയിൽ നിന്നും പിരിഞ്ഞുപോകുന്ന എട്ട് പേർ ഉൾപ്പെടും.
പ്രധാനമന്ത്രിയുമായും സ്ഥാനമൊഴിയുന്ന പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയ ശേഷം താൽക്കാലിക പ്രധാനമന്ത്രിയെ നിയമിക്കാൻ പ്രസിഡൻറിന് അനുവാദമുണ്ട്. അതേസമയം പ്രക്രിയിയിൽ പങ്കെടുക്കില്ലെന്നും നിയമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് പറഞ്ഞു. പ്രസിഡൻറും പ്രധാനമന്ത്രിയും നിയമം ലംഘിച്ചെന്നും അദ്ദേഹം ആരോപിച്ചു.