തിരുവനന്തപുരം; ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച മഹീന്ദ്ര ഥാർ ലേലം സംബന്ധിച്ച് ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ബന്ധപ്പെട്ടവരുടെ ഹിയറിങ് നടത്താൻ ദേവസ്വം കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദേവസ്വം കമ്മീഷണർ, ഗുരൂവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ വെച്ച് കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളും, ഇതുമായി ബന്ധപ്പെട്ട് ആർക്കങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ അവരേയും നേരിൽ കേൾക്കും.
സംഘടനക്ക് അല്ലാതെ ആർക്കെങ്കിലും ഈ വിഷയത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ അത് സീൽ ചെയ്ത കവറിൽ രേഖാമൂലം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നൽകുയോ, sec.transport@kerala.gov.in അല്ലെങ്കിൽ ksrtccmd@gmail.com, എന്ന ഇ മെയിൽ ഐഡികളിൽ ഏപ്രിൽ ഒമ്പതാം തീയതി രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കാമെന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചു. അപ്രകാരം ലഭിക്കുന്ന പരാതികളിലും അന്നെ ദിവസം കമ്മീഷണർ ഹിയറിങ് നടത്തുന്നതായിരിക്കും.
ഗുരുവായൂരിൽ കാണിക്കയായി മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ എസ്.യു.വി, ഥാർ സമർപ്പിക്കപ്പെട്ടത് വാർത്തയായിരുന്നു. ലിമിറ്റഡ് എഡിഷൻ പതിപ്പാണ് കാണിക്കയായി മഹീന്ദ്ര സമർപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഗ്ലോബൽ പ്രോഡക്ട് ഡെവലപ്പ്‌മെന്റ് വിഭാഗം മേധാവി ആർ.വേലുസ്വാമി, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ കൈമാറുകയായിരുന്നു.