ഷാഹിദ് കപൂർ (Shahid Kapoor) നായകനാവുന്ന സ്പോർട്‍സ് ഡ്രാമ ചിത്രം ‘ജെഴ്സി’യുടെ പുതിയ ട്രെയ്‍ലർ (Jersey Trailer) പുറത്തെത്തി. 2021 ഡിസംബർ 31 ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം ഒമിക്രോൺ വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ആ സമയത്ത് ആദ്യം റിലീസ് മാറ്റിയ ചിത്രമായിരുന്നു ജഴ്സി. ഏപ്രിൽ 14 ആണ് പുതിയ റിലീസ് തീയതി. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‍ലർ ആണ് അണിയറക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
തെലുങ്ക് സംവിധായകൻ ഗൗതം തിണ്ണനുറിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ചിത്രം. നാനിയെ നായകനാക്കി ഗൗതം 2019ൽ തെലുങ്കിൽ ഒരുക്കിയ ഇതേപേരുള്ള ചിത്രത്തിൻറെ റീമേക്ക് ആണ് ചിത്രം. ജീവിതത്തിൽ വിജയം നേടാൻ കഴിയാതെപോയ ഒരു ക്രിക്കറ്ററുടെ വേഷത്തിലാണ് ഷാഹിദ് എത്തുന്നത്. ഒരു ജെഴ്സി വേണമെന്ന മകൻറെ ആഗ്രഹം സാധിക്കാൻ തന്നെ കഷ്‍ടപ്പെടേണ്ട അവസ്ഥയിലാണ് അർജുൻ റായ്‍ചന്ദ് എന്ന നായക കഥാപാത്രം.
പ്രോജക്റ്റ് പ്രഖ്യാപന സമയത്ത് 2020 ഓഗസ്റ്റിൽ തിയറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണം തന്നെ നീണ്ടുപോയി. മൃണാൾ താക്കൂർ ആണ് നായിക. റോണിത് കംറ, ഷരദ് കേൽക്കർ, പങ്കജ് കപൂർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിൽ രാജു, എസ് നാഗ വംശി, അമൻ ഗിൽ എന്നിവരാണ് നിർമ്മാണം. ഛായാഗ്രഹണം അനിൽ മെഹ്‍ത, എഡിറ്റിംഗ് നവീൻ നൂലി, പശ്ചാത്തല സംഗീതം അനിരുദ്ധ് രവിചന്ദർ, സ്പോർട്‍സ് കൊറിയോഗ്രഫർ റോബ് മില്ലർ, ആക്ഷൻ ഡയറക്ടർ മനോഹർ വർമ്മ. കബീർ സിംഗിൻറെ വൻ വിജയത്തിനു ശേഷം ഷാഹിദിൻറേതായി റിലീസ് ചെയ്യപ്പെടുന്ന ചിത്രവുമാണിത്.