കോട്ടയം: വളർത്തുമൃഗങ്ങളെ വിൽക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് പൂച്ചകളെ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ഇടുക്കി കാർകൂന്തൽ സ്വദേശി കളത്തൂർ ലിജോ തങ്കച്ചനാണ് പിടിയിലായത്. പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെട്ട മൂന്ന് പൂച്ചകളെയാണ് ഇയാൾ മോഷ്ടിച്ചത്. 27,000 രൂപയോളം വില വരുന്നതാണ് പൂച്ചകൾ.
മാർച്ച് 30ന് രാത്രി 10.45നാണ് പ്രതി പൂച്ചകളെ മോഷ്ടിച്ചത്. പച്ചത്തോട് പെറ്റ്‌സ് പാർക്ക് എന്ന സ്ഥാപനത്തിൽ നിന്നും പൂച്ചകളെ മോഷ്ടിച്ച്, മുണ്ടിനുള്ളിലാക്കി പുറത്ത് പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഇയാൾ 24-ാം തീയതി ഭാര്യയോടും മക്കളോടുമൊപ്പമെത്തി ചെറിയ പട്ടിക്കുട്ടികളെ നൽകി മറ്റൊരു പട്ടിയെ വാങ്ങിയതായി കണ്ടെത്തി.
തുടർന്ന് പോലീസ് പ്രതിയ്‌ക്കായി തിരച്ചിലാരംഭിച്ചു. മോഷ്ടിച്ച മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയിലുള്ള ഫാം ഹൗസിൽ നിന്നും കണ്ടെത്തി. മണിമല, കറുകച്ചാൽ പോലീസ് സ്‌റ്റേഷനുകളിൽ വധശ്രമം, പോക്‌സോ കേസുകളിൽ പ്രതിയാണ് ഇയാളെന്നും പോലീസ് കണ്ടെത്തി. കൂടാതെ കറുകച്ചാലിലെ വധശ്രമ കേസിൽ പ്രതിയെ അഞ്ച് വർഷം ശിക്ഷിച്ചിരുന്നു.
എസ്എച്ച്ഒ കെപി തോംസൺ, എസ്‌ഐ അഭിലാഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥരായ ബിജു കെ തോമസ്, ഷെറിൻ സ്റ്റീഫൻ, സി രഞ്ജകിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.