കീവ്: റഷ്യ തങ്ങളുടെ 11 മേയർമാരെ തട്ടിക്കൊണ്ടുപോയെന്ന് യുക്രൈൻ. യുക്രൈൻ ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്‌ചുക് ആണ് ആരോപണം ഉന്നയിച്ചത്. കീവ്, ഖേഴ്സൺ, ഖാർകീവ് തുടങ്ങിയ ഇടങ്ങളിലെ മേയർമാരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് അവർ പറഞ്ഞു.
റെഡ് ക്രോസ്, ഐക്യരാഷ്ട്ര സംഘടന തുടങ്ങിയ എല്ലാ സംഘടനകളും ഇവരെ തിരികെ കൊണ്ടുവരാൻ ഇടപെടണമെന്നും അവർ അഭ്യർത്ഥിച്ചു.
റഷ്യൻ അധിനിവേശം 39 ദിവസങ്ങൾ പിന്നിടുമ്പോൾ റഷ്യൻ സൈന്യം കിഴക്കൻ മേഖലകളിലേക്കും രാജ്യത്തിന്റെ തെക്കൻ മേഖലകളിലേക്കും നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. കീവിലെ ബുച്ചയിൽ നിന്ന് മാത്രമായി മുന്നൂറോളം മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. നഗരത്തിന്റെ നിരത്തുകളിലും വഴിയോരത്തും മൃതശരീരങ്ങൾ ചിതറിക്കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.