ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശുപാർശ പ്രകാരം പാർലമെന്റ് പിരിച്ചുവിട്ട പാക്കിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവിയുടെ നടപടി സുപ്രീം കോടതി പരിശോധിക്കും. ഇതിനായി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് തിങ്കളാഴ്ച സിറ്റിങ് നടത്തും. പ്രതിപക്ഷത്തിന്റെ പരാതി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി.
പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് ആരിഫ് അൽവി, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, സ്പീക്കർ എൻ.എ.അസദ് ഖൈസർ, ഡപ്യൂട്ടി സ്പീക്കർ ഖാസിം സൂരി എന്നിവർക്കെതിരെ ഭരണഘടനാ ലംഘനം ആരോപിച്ചാണ് പ്രതിപക്ഷം സുപ്രീംകോടതിയിൽ പരാതി നൽകിയത്.
പാർലമെന്റ് പിരിച്ചുവിട്ട സംഭവം പ്രതിപക്ഷം പരാതിയായി ഉന്നയിച്ചതോടെ ഇക്കാര്യം പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് ജഡ്ജിമാരെ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, വിഷയം സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. രാജ്യത്തെ ക്രമസമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കണം. നിലവിലെ അവസ്ഥയെ ആരും മുതലെടുക്കരുതെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.
പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടത് പരിശോധിക്കാനാണ് ചീഫ് ജസ്റ്റിന്റെ നേതൃത്വത്തില്‍ സിറ്റിംഗ് തീരുമാനിച്ചത്. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ അനുവദിക്കാതിരുന്നതോടെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കറുടെ നീക്കം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴി വച്ചത്.
അതേസമയം, നിലവിലെ സാഹചര്യങ്ങളിൽ ഇടപെടില്ലെന്ന് പാക്ക് സൈന്യം വ്യക്തമാക്കി. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ നടപടിക്രമങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടി.