കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചു. പ്രസിഡന്റ് ഗോട്ടബായ രജപക്സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമർപ്പിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
എല്ലാ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് രാജി. സഹോദരൻ ഗോട്ടബയ രാജപക്സെ പ്രസിഡന്റ് സ്ഥാനത്തു തുടരും.
സാമ്പത്തിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന രാജ്യത്തു പ്രതിഷേധം രൂക്ഷമായതിനു പിന്നാലെയാണ് നീക്കം. പ്രതിപക്ഷത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭം നേരിടാൻ തിങ്കളാഴ്ച രാവിലെ 6 വരെ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങൾക്കും വിലേക്കേർപ്പെടുത്തി.
എന്നാൽ ഇതെല്ലാം അവഗണിച്ച് ജനം തെരുവിലിറങ്ങി. വ്യാഴാഴ്ച രാത്രി പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വീടിനു മുന്നിലെ പ്രതിഷേധം കലാപത്തോളമെത്തിയതിനെത്തുടർന്നു വെള്ളിയാഴ്ച ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
കര്‍ഫ്യൂ നാളെ രാവിലെ വരെ തുടരുമെങ്കിലും ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കു തടയിടാനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, യൂട്യൂബ്, സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം സമൂഹിക മാധ്യമങ്ങള്‍ക്കാണ് വിലക്ക്. കൊളംബോയില്‍ പ്രതിഷേധ സമരം നടത്തിയ 700 ഓളം പേര്‍ അറസ്റ്റിലായി.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.