തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരേ നടത്തുന്ന ഇടപെടലുകളിലൂടെ ഫെഡറല്‍ തത്വത്തിന്റെ ലംഘനം നടത്തുന്നുവെന്ന സിപിഎമ്മിന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര സഹ മന്ത്രി വി. മുരളീധരന്‍. കേരളത്തിനുവേണ്ടി താന്‍ എന്തുചെയ്തു എന്നറിയണമെങ്കില്‍ യുക്രൈനില്‍ നിന്ന് വന്ന വിദ്യാര്‍ഥികളോട് ചോദിച്ചാല്‍മതിയെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
“ഞാന്‍ കേരളത്തിനുവേണ്ടി എന്തുചെയ്തു എന്നറിയണമെങ്കില്‍ യുക്രൈനില്‍ നിന്ന് തിരിച്ചുവന്ന കുട്ടികളോടും ദക്ഷിണാഫ്രിക്കയിലെ സീഷെല്‍സില്‍ നിന്ന് സര്‍ക്കാരിന്റെ ശ്രമഫലമായി രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളോടും ചോദിച്ചാല്‍ മതി. അതുകൊണ്ട് ഫെഡറല്‍ തത്വം എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ട.”
“ഇതിനേക്കാള്‍ അപ്പുറത്തുള്ള ആരോപണങ്ങള്‍ സിപിഎം പലര്‍ക്കുമെതിരെ ഉന്നയിച്ചിട്ടുണ്ട്. കെ റെയിലിനെതിരായ സമരത്തിന് പിന്നില്‍ നില്‍ക്കുന്ന ആളുകളെ തീവ്രവാദികള്‍ എന്നുവിളിച്ചാണ് ആക്ഷേപിച്ചത്. പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമാണ്. അതു സ്വാതന്ത്ര്യത്തിന് മുമ്പ് തുടങ്ങിയതാണ്. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മഹാന്‍മാരെ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി എന്നു വിളിച്ചവര്‍ എന്നെ ഫെഡറല്‍ തത്വം ലംഘിച്ചു എന്നു പറഞ്ഞു എന്നെ അധിക്ഷേപിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല.”- വി മുരളീധരന്‍ പറഞ്ഞു.
കെ- റെയിലിന് ഒരു കാരണവശാലും കേന്ദ്രം അനുമതി നല്‍കില്ലെന്നറിഞ്ഞിട്ടും കമ്മീഷന്‍ തട്ടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് വി. മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു.