ഹൈദരാബാദ്: ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ പോലീസിന്റെ മിന്നല്‍ പരിശോധന. ഹൈദരാബാദ് ബഞ്ചറാഹില്‍സിലെ സ്വകാര്യ ഹോട്ടലിലാണ് പോലീസിന്റെ പ്രത്യേകസംഘം ഞായറാഴ്ച പുലര്‍ച്ചെ റെയ്ഡ് നടത്തിയത്. പാര്‍ട്ടി നടന്ന ഹോട്ടലില്‍നിന്ന് കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ഉന്നതരുടെ മക്കളും ബന്ധുക്കളും അടക്കം 150-ലേറെ പേരെ ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുത്തതായും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നടന് നാഗബാബുവിന്റെ മകള്‍ നിഹാരിക, ഗായകനും തെലുങ്ക് ബിഗ്ബോസ് മത്സരവിജയിയുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പി.എസ്.എസി. ചെയര്‍മാനും മുന്‍ ഡി.ജി.പി.യുമായ ഗൗതം സവാങ്ങിന്റെ മകള്‍, ഗുണ്ടൂര്‍ എം.പി. ഗല്ല ജയദേവിന്റെ മകന് തുടങ്ങിയവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് ‘ദി ഹിന്ദു’വിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ കൂടാതെ സമൂഹത്തിലെ ഉന്നതരായ പലരുടെ മക്കളും ബന്ധുക്കളും പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നും വിവരങ്ങൾ ഉണ്ട്.