ചാലക്കുടി: ചാലക്കുടിയിൽ വൻ സ്പിരിറ്റ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയും അന്തിക്കാട് പുള്ള് സ്വദേശിയുമായ ഇക്കണ്ടപറമ്പിൽ വീട്ടിൽ സുനിൽ (54) അറസ്റ്റിലായി. കോടതി ജങ്ഷനിൽ വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന അറുനൂറോളം ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്.
കാറിൽ 14 ക്യാനുകളിലാക്കിയാണ് സ്പിരിറ്റ് കളമശ്ശേരിയിൽ നിന്ന് ചാവക്കാട്ടേക്ക് കൊണ്ടുപോയിരുന്നത്. സ്പിരിറ്റ് കടത്തിന്റെ സൂചനകളെ തുടർന്ന്, ഒന്നരയാഴ്ചയായി ഷാഡോ പൊലീസ് സംഘം ഹൈവേയിൽ നിരന്തര നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് കാർ പിടികൂടിയത്. സുനിലിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.