തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്‌സ് – ഐ.ടി മന്ത്രാലയം ഏർപ്പെടുത്തിയ സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ മികവാർന്ന സംരംഭങ്ങൾക്കുള്ള ഒരു കോടി രൂപയുടെ ഫോസ് ഫോർ ഗവ് (#FOSS4Gov) ഇന്നവേഷൻ ചലഞ്ചിന്റെ പ്രീഫൈനൽ റൗണ്ടിലേയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ മാസം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ഇംഗ്ലീഷ് ഭാഷാപഠനം ലളിതവും ആയാസരഹിതവുമാക്കാനുള്ള കൈറ്റിന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയറാണ് ചലഞ്ചിന് പരിഗണിച്ചത്.
സർക്കാർ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗം വേഗത്തിലാക്കാനായി കഴിഞ്ഞ ഒക്ടോബറിലാണ് ഐ.ടി മന്ത്രാലയം ഫോസ് ഫോർ ഗവ് ഇന്നവേഷൻ ചലഞ്ചിനായി സ്വകാര്യ സംരംഭങ്ങളിൽ നിന്നുൾപ്പെടെ പ്രൊപ്പോസലുകൾ സ്വീകരിച്ചത്. രണ്ടാം റൗണ്ടിൽ ജൂറിക്ക് മുന്നിൽ കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അവതരണം നടത്തിയതിന് ശേഷമാണ് മൂന്നാം ഘട്ടമായ പ്രോട്ടോടൈപ്പ് സമർപ്പിക്കാനുള്ള ഘട്ടത്തിലേക്ക് കൈറ്റിനെ തിരഞ്ഞെടുത്തത്.
പ്രത്യേക ഹാർഡ്‌വെയറോ ഇന്റർനെറ്റോ നെറ്റ്‌വർക്കോ ആവശ്യമില്ലാതെ തികച്ചും ഓഫ്‌ലൈൻ രീതിയിൽ എവിടെയും ഉപയോഗിക്കാൻ കഴിയുന്നതാണ് ഇ-ലാംഗ്വേജ് ലാബ്. ഒരു കമ്പ്യൂട്ടർ ഗെയിം കളിക്കുന്നപോലെ ആസ്വാദ്യകരമായ അന്തരീക്ഷത്തിൽ ഭാഷാ പ്രാവീണ്യം നേടാൻ ഇത് കുട്ടികളെ പ്രാപ്തരാക്കും . സ്‌കൂളുകളിൽ നിലവിലുള്ള ലാപ്‌ടോപ്പുകളിൽ ഒറ്റ ക്ലിക്കിൽ വൈഫൈ ശൃംഖലയിൽ സജ്ജമാക്കാം. എന്നതാണ് ഇ-ലാംഗ്വേജ് ലാബിന്റെ സവിശേഷത.
പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുകയാണെങ്കിൽ 800 കോടി രൂപ ആവശ്യമുള്ളിടത്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലൈസൻസ് നിബന്ധനകളില്ലാതെയും അക്കാദമികാംശം ചോർന്നു പോകാതെയും കേരളത്തിലെ മുഴുവൻ സ്‌കൂളുകളിലും കൈറ്റ് ഇ-ലാംഗ്വേജ് ലാബുകൾ സജ്ജക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഈ മുന്നേറ്റം മറ്റു രാജ്യങ്ങളുമായും സംസ്ഥാനങ്ങളുമായും പങ്കുവെക്കാൻ തീരുമാനിച്ചതായി നേരത്തെ മന്ത്രി ശിവൻകുട്ടി പ്രസ്താവിച്ചിട്ടുണ്ട്.